Friday, August 21, 2009

ഗന്ധര്‍വ്വന്മാരുടെ വഴിയേ

അതെ, ഗന്ധര്‍വ്വന്മാരാണല്ലോ നമ്മെ പലപ്പോഴും വഴിനടത്തുക. അതുകൊണ്ട് ഗന്ധര്‍വ്വന്മാരെക്കുറിച്ചുതന്നെ തുടങ്ങാം. ഗന്ധര്‍വ്വന്മാരില്‍ തുടങ്ങി അവരില്‍ തന്നെയവസാനിക്കുന്ന ഒരു നേര്‍ രേഖ നമുക്കുമുകളിലുണ്ടായിരുന്നു. അതിന്റെ ഒരറ്റം 'ഗന്ധര്‍വ്വക്ഷേത്ര'ത്തിലും മറ്റേയറ്റം 'ഞാന്‍ ഗന്ധര്‍വ്വനി'ലുമായിരുന്നു.

വടക്കാഞ്ചേരി,എങ്കക്കാട് പരമേശ്വരന്‍ നായരുടെ മകനായ ഭരതനെക്കുറിച്ചുതന്നെ. ഉദയായുടെ 'ഗന്ധവര്‍വ്വ ക്ഷേത്ര'മെന്ന ആദ്യചിത്രത്തിലൂടെ സംവിധാന സഹായിയായി മലയാളികളുടെ മനസ്സില്‍ കുടിയേറിയ ഭരതന്‍. പ്രയാണം, രതിനിര്‍വ്വേദം, ആരവം, ലോറി, ചാമരം, ചാട്ട, ഈണം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം തുടങീ നിരവധി ചിത്രങ്ങളും നമുക്കു ലഭിച്ചു.


ചലച്ചിത്രകാരനെന്നതിലുപരി ഒരു ശില്‍പ്പിയായി അറിയപ്പെടാനായിരുന്നു ഭരതനിഷ്ടം. ഭരതനെക്കുറിച്ചോര്‍ക്കുമ്പോള്‍ അനായാസമായി മനസ്സിന്റെ സങ്ക്ല്‍പ്പത്തിന്റെ നിമനോന്നതങ്ങളെ തഴുകിയും തലോടിയും രൂപപ്പെടുന്ന വിരലുകളാണ് മനസ്സില്‍ വരിക. ഉള്ളില്‍ പ്രപഞ്ച ശക്തി മുമ്പെ തീര്‍ത്തുനല്‍കിയ പൂര്‍ണ്ണ ശില്പമാതൃകയിലേക്കെന്നോണം മനസ്സിന്റെ അകത്തളങ്ങളിലേക്ക് സൃഷ്ടിയുടെ ഉന്മാദം വഴിയുന്ന കണ്ണുകളോടെ ഉറ്റുനോക്കുമ്പോഴുള്ള അധികമാനത്തോടെ മുഖത്ത് വിളങ്ങുന്ന പ്രസാദഭാവം. ശില്പരചനയിലെ എല്ലാം മറന്നുള്ള ആ ഏകാഗ്രത പിന്നീട് ചിത്ര രചനയിലും ഗാനങ്ങള്‍ ലേഖപ്പെടുത്തുവാന്‍ ഈണങ്ങളെ ചൊല്‍പ്പടിക്കു വിരുത്തമാട്ടുമ്പോഴും നിറങ്ങളുടെ അഴകാര്‍ന്ന ചിറകില്‍ അഭ്രശില്‍പ്പങ്ങള്‍ തീര്‍ത്തുകൊണ്ട് മോഹിക്കുമ്പോഴും അതേ അളവില്‍ കാണാം. അതുകൊണ്ടാണല്ലോ മലയാളത്തില്‍ ഭരതന്‍ സ്പര്‍ശമെന്ന വാക്കുതന്നെ സ്ഫുടംചെയ്തുയര്‍ന്നുവന്നത്.


സ്വപ്നങ്ങളെ മാത്രമല്ല, പരുഷ യാഥാര്‍ത്ഥ്യങ്ങളെയും നിശിതമായി പുനരാവിഷ്കരിച്ചുകൊണ്ടാണ് ഭരതന്‍ പ്രേക്ഷകമനസ്സില്‍ ചിരപ്രതിഷ്ഠനേടിയത്.


എങ്കിലും മലയാളിയ്ടെ ചലച്ചിത്ര പരിവൃത്തത്തിലെ സങ്കല്‍പ്പങ്ങളെ ഉടച്ചുവാര്‍ക്കുന്നതിലും സൌന്ദര്യ ധാരണകളെ അതിശയിപ്പിക്കുന്നതിലും വിഗ്രഹങ്ങളെ പു:നപ്രതിഷ്ഠിക്കുന്നതിലും , ഭരതനും ഭരര്‍തന്റെ ചിത്രങ്ങളും വഹിച്ച പങ്കിനെപ്പറ്റി ഇനിയും മലയാളി തിരിച്ചറിയേണ്ടിയിരിക്കുന്നു. കലയും കച്ചവടവും തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്റെ സമരസങ്ങളിലൂടെ നിവര്‍ത്തിതമാകാന്‍ നിയോഗിക്കപ്പെട്ട മാധ്യമമാണ് സിനിമയെന്ന് മനസ്സിലാക്കാന്‍ സാധിക്കാത്തതിന്റെ പ്രതിഫലനമാണ് ഇന്നത്തെ മലയാള സിനിമയുടെ പ്രതിസന്ധിക്ക് കാരണമെന്ന് ഗണിച്ചുനോക്കേണ്ടയാവശ്യമില്ല.

ജീവിതം അവസാനിക്കുന്നില്ല എന്നു നമ്മെ ബോധ്യപ്പെടുത്തുന്ന സപര്യയ്ക്കു മുന്നില്‍ പ്രണാമം.

Wednesday, August 19, 2009

വിശുദ്ധ പുരാണം..

ഒരു പെണ്ണ് പറഞ്ഞു. വില്‍ക്കാനുണ്ട് ബ്ലോഗുകളെന്ന്.. ബ്ലോഗ് കിലോയ്ക്കെത്രയാണ് ? അറിവുള്ളവര്‍ പറഞ്ഞു തരട്ടെ.

കൈനോട്ടക്കാരു പറയുന്നതുപോലെ ഒരു പാടുകാര്യങ്ങള്‍ പറയാനുണ്ട്. സ്മരണകള്‍ ഒത്തിരിയുണ്ട്. വീര ശൂര പരാക്രമങ്ങള്‍ അതിലേറെയുണ്ട്. സാമ്പത്തിക മാന്ദ്യമല്ലേ.. വെറുതെയിരിക്കുകയല്ലേ. വിടാതെ എല്ലാമെഴുതാം.

നല്ല സാഹിത്യകാരന്മാരൊന്നും ബ്ലോഗെഴുതില്ലത്രേ. പൊയ്ത്തുംകടവനെപ്പോലെയുള്ള ചില എഴുത്തുകാര്‍ ബ്ലോഗെഴുതാന്‍ കൂലിക്ക് ആളെ വെച്ചിട്ടുണ്ടെന്ന് കേട്ടു. ഒരു കവിതയ്ക്ക് ഇത്ര ഒരു കഥയ്ക്ക് ഇത്ര എന്ന കണക്കിലാണ് കൂലി. മമ്മുട്ടിയെപ്പോലെയുള്ളവര്‍ക്ക് ബ്ലോഗെഴുതിക്കൊടുക്കാന്‍ മോഹന്‍ലാലിന്റെ സിനിമയുടെ ആദ്യ ഷോയ്ക്ക് ടിക്കറ്റെടുക്കാന്‍ നില്‍ക്കുന്നവരുടെ ക്യൂവിനേക്കാള്‍ വലിയ ക്യൂവണെന്ന് കേട്ടു. അമേരിക്കയിലും മറ്റും ബ്ലോഗെഴുതുന്നവര്‍ക്ക് ഡോളറുകണക്കിലാണ് കൂലി. (പിച്ചക്കാര്‍ക്ക് ബ്ലോഗെഴുത്തുകാരേക്കാള്‍ കൂടുതല്‍ കിട്ടുന്നുണ്ടെന്നറിഞ്ഞ് പലരും ബ്ലോഗെഴുത്ത് നിര്‍ത്തിയത്രേ ! )

വെറുതെയല്ല, ബ്ലോഗെഴുതുന്നവര്‍ക്ക് ഗവര്‍മെന്റ് പെന്‍ഷന്‍ നല്‍കുമെന്ന് പറയുന്നത്. അഖില കേരള ബ്ലോഗെഴുത്ത് കോംഗ്രസ് പ്രസിഡന്റോ റെവല്യൂഷണറി ബ്ലോഗെഴുത്ത് പാ‍ര്‍ട്ടി സെക്രട്ടറിയോ ആയി ഇനിയുള്ള കാലം ഈ ഞാന്‍ ഒതുങ്ങിക്കൂടിക്കോളാം..